ഓര്‍മ്മകള്‍

By Muhammed A K

ഇടവഴികള്‍ - idavazhikal

ഇടവഴികള്‍

മഴ അല്‍പം ചോര്‍ന്നിട്ടുണ്ട് . ഞാന്‍ സൈഡ് വിന്‍ഡോയുടെ ഷട്ടര്‍ ഉയര്‍ത്തി കെട്ടി . ചെറിയ ചാറല്‍ ഉണ്ടെങ്കിലും അത് കാര്യമാക്കാതെ പുറത്തെ കാഴ്ചകളിലേക്ക് എന്‍റെ കണ്ണുകള്‍ അലസമായി സഞ്ചരിച്ചു . ഇന്നലെ പകല്‍ നല്ല വെയില്‍ ആയിരുന്നു , രാത്രി പെയ്ത കനത്ത മഴയില്‍ റോഡിന്‍റെ ഇരുവശങ്ങളിലെയും ചാലുകള്‍ വല്യ തോടുകളെ പോലെ കുത്തി ഒഴുകുന്നുണ്ട് . എന്‍റെ ഈ ഗ്രാമത്തിലെ ചെറിയ റോഡിലൂടെ ബസ്‌ കടന്നുപോകുമ്പോള്‍ ഇരുവശങ്ങളിലുമുള്ള ഓരോ ഇലയിലും സംഗീതം ധ്വനിക്കുന്നതുപോലെ തോന്നി . ഇറ്റു വീഴാന്‍ മടിച്ചിരിക്കുന്ന ഇലത്താളുകളിലെ ഓരോ ജല തുള്ളിയും ഉദയ സൂര്യന്‍റെ ഇടയ്ക് മിന്നി മറഞ്ഞ കിരണങ്ങളേറ്റു പവിഴ മുത്തുപോലെ പുഞ്ചിരിച്ചു . ചാറല്‍ മഴയില്‍ ഇങ്ങനെ പുറത്തേക്കു നോകി ഇരിക്കുന്നതിന്‍റെ രസം കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഞാന്‍ ആസ്വദിക്കുന്നു, തുടര്‍ച്ചയുടെ ഒരു മടുപ്പും തോന്നാതെ . മനസ്സില്‍ നൊമ്പരമാണെങ്കില്‍ അതു മുഖത്തിറ്റു വീഴുന്ന തെളിനീരില്‍ കുറച്ചെങ്കിലും ഒലിച്ചു പോകും , സന്തോഷമാണെങ്കില്‍ ജലോത്സവം പോലെ എന്‍റെ മനസ്സിനെ പുളകം കൊള്ളിക്കും . റോഡരികിലൂടെ പലവര്‍ണ കുടയുമായി സ്കൂളിലേക്ക് പോകുന്ന കൊച്ചു കൂടുകാരിലേക്ക് ഒരു നിമിഷം എന്‍റെ കണ്ണുകള്‍ പതിഞ്ഞു . കുഞ്ഞു നീല ട്രൌസറും വെളുത്ത കുഞ്ഞു കുപ്പായവുമിട്ട് ഇത് പോലെ ഞാനും പോയിരുന്ന എന്‍റെ കുട്ടിക്കാലത്തേക്ക് എന്‍റെ ഓര്‍മ്മകള്‍ പിഞ്ചു കാല്‍പാദങ്ങളുമായി പതിയെ നടന്നു.

വഴി അരികിലെ ഓരോ ചെടികളോടും കഥ പറഞ്ഞാണ് ഞാനും അനിയത്തിയും നടക്കുക , ഇത്ത ഞങ്ങളെ കൈപിടിച്ച് നടത്തിക്കും . കറുത്ത ഒറ്റക്കാലന്‍ കുടയാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. നല്ല മഴയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ മൂവരും ഒഴുകി വരുന്ന വെള്ളത്തില്‍ കാലുകള്‍ തുഴഞ്ഞു , കുട കറക്കി , കുസ്രിതിചോദ്യങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടാണ് മദ്രസയില്‍ പോകുക . ഒരു കിലോമീറ്ററില്‍ അധികം ദൂരമുണ്ട് വീട്ടില്‍ നിന്നു മദ്രസയിലേക്ക് . രാവിലെ മദ്രസ കഴിഞ്ഞാല്‍ നേരെ സ്കൂളിലേക്ക് പോകും . മദ്രസയില്‍ നിന്നു വല്യ ദൂരമില്ല സ്കൂളിലേക്ക് . താറിട്ട റോഡു കൂടാതെ ഗ്രാമങ്ങളിലെ പല വീടുകളെയും ബന്ധിപ്പിച്ചു നീങ്ങുന്ന ഒരു പാട് കുറക്കു വഴികളുണ്ടായിരുന്നു നാട്ടില്‍ . അതിലൊന്നായിരുന്നു ഞങ്ങളുടെ സ്ഥിരം വഴി . പക്ഷെ മഴക്കാലമായാല്‍ ആ വഴികളിലെ യാത്ര അല്‍പം വിഷമമാണ് . കാരണം മഴ പെയ്താല്‍ ആ വഴികളിലൂടെ മഴവെള്ളം കുത്തി ഒലിക്കും . ഞാന്‍ പറഞ്ഞ യാത്ര ക്ലേശം വീടുകാര്‍ക്കു മാത്രമാണ് കേട്ടോ ഞങ്ങള്‍ക്ക് അതൊരു ഉല്ലാസ യാത്രയായിരുന്നു . ആ വഴികളിലൂടെ ഞങ്ങളും കൂട്ടരും വെള്ളം തെറിപ്പിച്ചും കാവിന്‍റെടുത്തുള്ള വല്യ മാവില്‍ നിന്നും വീണ കുഞ്ഞു മാമ്പഴം കടിച്ചും നടക്കും . ഞങ്ങളാണ് സ്കൂളിലേക്കുള്ള മാര്‍ച്പാസ്റ്റ് തുടങ്ങാറ് , കാരണം ഞങ്ങളുടെ വീടിന്‍റെ ദിശയില്‍ സ്കൂളിനു ഏറ്റവും അകലെയുള്ളത് ഞങ്ങളാണ് . ഓരോ വീടിലെയും കൊച്ചു കൂടുകാരും കൂടി ചേര്‍ന്ന് വരിവരിയായി ഇടവഴികളിലൂടെ നടക്കുന്ന കാഴ്ചകള്‍ ഇനി ഒരിക്കലും തിരിച്ചു വരാത്തതാണ് . പുരോഗതിയുടെ ചിറകിലേറി നാടല്‍പം സഞ്ചരിച്ചപ്പോള്‍ ഈ ഇടനാഴികള്‍ പലതും സ്വകാര്യ വഴികളായി മാറി , ഇപ്പോള്‍ ആ ഇടനാഴികളില്ല , ഇടനാഴിയിലെ കൊച്ചു കുട്ടികളുടെ കൂട്ടമായ മാര്‍ച്ചുകളില്ല . എല്ലാം ഓര്‍മകള്‍ മാത്രം, മറക്കാനാവാത്ത ഓര്‍മകള്‍ …

അക്കൊല്ലം പെരുന്നാളിന് ആദ്യമായി ഉപ്പ എനിക്ക് കെട്ടുന്ന ചെരുപ്പ് വാങ്ങി തന്നു . ഓട്യ്സ്സി കമ്പനിയുടെ മുന്തിയ ഒരെണ്ണം. പാദത്തിന്‍റെ സൈഡിലൂടെ നീണ്ടു നില്‍കുന്ന ഒരു റിബ്ബണ്‍ പുറകിലേ ചുറ്റി മറുഭാകത്ത്‌ ഒട്ടിച്ചു വെക്കാം , നടുവിലായി ഒരു കൊച്ചു താറാവിന്‍കുഞ്ഞു വാ പൊളിച്ചിരിക്കുന്ന ചിത്രവും ഉണ്ടായിരുന്നു . സാധാരണ ഞങ്ങളുടെ വീടിനടുത്തുള്ള ഒരു ചെരുപ്പ് ഫാക്ടറിയില്‍ നിന്നുള്ള കുഞ്ഞു വള്ളി ചെരുപ്പാണ് ഞങ്ങള്‍ക്ക് വാങ്ങി തരാറുള്ളത് . ആ കമ്പനിയില്‍ പലയളവിലുള്ള കറുപ്പും വെളുപ്പുമുള്ള വള്ളി ചെരുപ്പുകള്‍ മാത്രമേ ഉണ്ടാക്കറുള്ളൂ. ഗ്രാമത്തിലെ ഒരേ ഒരു കമ്പനിയായിരുന്നു അത്.

പെരുന്നാളിന് പള്ളിയില്‍ പോകുമ്പോള്‍ ഞാന്‍ ആദ്യമായി എന്‍റെ പുതിയ ചെരുപ്പിട്ടു . ഭൂരിഭാഗം കൂട്ടരും വള്ളിചെരുപ്പുമാത്രം ഇട്ടു നടക്കുന്ന എന്‍റെ ഗ്രാമ വീഥികളിലൂടെ ഞാന്‍ രാജാവിനെ പോലെ നടന്നു . എല്ലാരുടെയും ശ്രദ്ധ പിടിച്ചു പറ്റാന്‍ ഞാനെന്‍റെ നടപ്പിന്‍റെ എടുപ്പൊന്നു മാറ്റി , ശോകാപ്സര്‍ വച്ച വണ്ടി പോലെ ഞാനെന്‍റെ കാലുകള്‍ ആകാശത്തോളം ഉയര്‍ത്തിയും പാതാളത്തോളം താഴ്ത്തിയും നടന്നു. പള്ളിയില്‍ എത്തി ചെരുപ്പ് ഞാന്‍ കിണറ്റിന്‍കരയുടെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു. നിസ്കാരം കഴിഞ്ഞ് ഏറ്റവും ആദ്യം പുറത്തിറങ്ങിയ ഞാന്‍ ഗേറ്റിനടുത്തെ മതിലില്‍ കാലു കയറ്റി വച്ച് ചെരുപ്പിന്‍റെ റിബ്ബണ്‍ മുറുക്കി ഒട്ടിച്ചു . എല്ലാരും പോയിത്തീരുന്നത് വരെ ഞാന്‍ അവിടെ അതേ പോസില്‍ നിന്നു . എല്ലാരും കാണട്ടെ എന്‍റെ പുതിയ ചെരുപ്പ് . വീട്ടിലെത്തിയപാടെ ഉപ്പ പറഞ്ഞു” ചെരുപ്പ് പെട്ടിയിലാക്കി കട്ടിലിനടിയില്‍ വെക്കടാ , ഇനി ഏതെങ്കിലും കല്യാണമോ മറ്റോ വരുമ്പോള്‍ എടുത്താ മതി “. എട്ടുവയസ്സുകാരനായ എന്‍റെ സിരകളിലെ ചോര തിളച്ചു , ഉപ്പാന്‍റെ കയ്യില്‍ നിന്നും കിട്ടാറുള്ള തല്ലു ഓര്‍ത്തപ്പോള്‍ ആ ചോര തനിയെ ആവിയായി . ഞാന്‍ എന്‍റെ ടവ്വല്‍ കൊണ്ട് ചെരുപ്പ് നന്നായി തുടച്ചു പെട്ടിയിലാക്കി ഉപ്പാന്‍റെ കട്ടിലിനടിയിലേക്കു വച്ച് , എന്‍റെ കൊച്ചു ഹൃദയം പറിച്ചു വച്ച വേദന . മുറ്റത്തിറങ്ങി ഞാന്‍ എന്‍റെ ഏകനായി കിടക്കുന്ന വള്ളിച്ചെരുപ്പ് വീണ്ടും എടുതിട്ടു . കാലുകള്‍ ഭൂമിയില്‍ ഉറക്കാത്തത് പോലെ അന്നെനിക്ക് തോന്നി .

അങ്ങനെയിരിക്കെ കുടുംബത്തില്‍ ഒരു കല്യാണവും , നാട്ടില്‍ രണ്ടു കല്യാണവും നടന്നു . അപ്പോഴൊക്കെ ഞാന്‍ എന്‍റെ കെട്ടുന്ന ചെരിപ്പിട്ടു . പക്ഷെ സ്കൂളില്‍ പോകുമ്പോള്‍ മാത്രം ഇടാന്‍ പറ്റിയില്ല . ഓണാവധി കഴിഞ്ഞു സ്കൂളുതുറക്കാന്‍ നേരത്ത് എന്‍റെ വള്ളിചെരുപ്പു എടുത്തു നോകിയിട്ടു ഉപ്പ പറഞ്ഞു “നീ ഇത് റോഡില്‍ ഉരച്ചോണ്ടാണോ നടക്കുന്നേ ? ” അതിന്‍റെ ഉപ്പൂറ്റിയുടെ ഭാഗം ഏകദേശം തേഞ്ഞു തീരറായത്‌ കണ്ടാണ്‌ ഉപ്പ അങ്ങനെ ചോദിച്ചത് . “ഇനി നീ സ്കോളിപ്പോകുമ്പോള്‍ പുതിയ ചെരുപ്പിട്ടോ “. സന്തോഷം കൊണ്ട് ഉപ്പാന്‍റെ മുബീന്നു ഞാന്‍ തുള്ളിച്ചാടി . അന്ന് ഉറങ്ങുബോള്‍ എന്‍റെ സ്വപ്നങ്ങളില്‍ മുഴുവന്‍ ഞാന്‍ എന്‍റെ സ്കൂള്‍ വരാന്തയിലൂടെ പുതിയ ചെരുപ്പിട്ടു വിലസുന്ന മധുരമുള്ള കാഴ്ചകളായിരുന്നു . “ആ ഷട്ടര്‍ ഒന്ന് താഴ്ത്തടോ” ആരൊക്കെയോ വിളിച്ചു പറയുന്നു . മഴയ്ക്ക് ശക്തി കൂടിയിരിക്കുന്നു . ബസ്സിലെ എല്ലാ ഷട്ടറുകളും തഴ്ത്തിയിട്ടുണ്ട് . ഞാന്‍ വേഗം എന്‍റെ സൈഡിലുള്ള ഷട്ടറും താഴ്ത്തി അതില്‍ തലചായ്ച്ചു കിടന്നു … അവധി കഴിഞ്ഞു സ്കൂളില്‍ പോണ ദിവസം , “വെളുത്ത പശു വെള്ളപ്പാല്‍ തരും , കറുത്ത പശുവോ ?” ആരോ ചോദിച്ച കുസൃതി ചോദ്യത്തിന് ഞാനന്ന് “വെള്ളുത്ത പാല്‍ ” എന്നുത്തരം പറഞ്ഞു . ചെറുതായി ഒഴുകിയ മഴവെള്ളത്തില്‍ എല്ലാരും കാലുകള്‍ തുഴഞ്ഞപ്പോള്‍ ഞാന്‍ ഇടവഴികളിലെ കൊച്ചു കൊച്ചു കരകളിലൂടെ ചാടി ചാടി നടന്നു . പുതിയ ചെരുപ്പല്ലേ ? ചളിയാക്കാന്‍ പടോ? ആ ദിവസം , ആ ഒരേ ഒരു ദിവസം ഞാന്‍ എന്‍റെ സ്കൂളില്‍ ഒന്നു വിലസി . ഓരോ കൂടുകാര്‍കും ഞാന്‍ എന്‍റെ ചെരുപ്പിന്‍റെ റിബ്ബണ്‍ പറിച്ചും ഒട്ടിച്ചും കാണിച്ചു കൊടുത്തു . രഞ്ജുമോന്‍ എനിക്ക് നാരങ്ങ മുട്ടായി തരാം എന്ന് പറഞ്ഞതുകൊണ്ട് അവനു ഒന്നു പറിച്ചു ഒട്ടിക്കാനുള്ള അവസരവും കൊടുത്തു. പക്ഷെ പഹയന്‍ ഇപ്പഴും എനിക്കാ മുട്ടായി തന്നിട്ടില്ല . കോപ്പി എഴുതാത്തതിന് ശോഭന ടീച്ചര്‍ വിളിച്ചപ്പോള്‍ ഞാന്‍ എന്‍റെ സര്‍വ അഹങ്കാരവും പുറത്തുകാണിച്ചു ക്ലാസ്സിന്‍റെ മധ്യത്തിലൂടെ രാജവീധിയൂലൂടെന്ന പോലെ നടന്നു. ടീച്ചര്‍ ചെവിക്കു പിടിച്ചപ്പോഴും എന്‍റെ കണ്ണുകള്‍ എന്‍റെ കാലിലെ പുത്തന്‍ ചെരുപ്പ് വീക്ഷിക്കുന്ന എന്‍റെ സഹപാഠികളെ നോക്കി പുളകം കൊണ്ടു . ടീച്ചര്‍ കളിക്കാന്‍ വിട്ടപ്പോള്‍ ഞാന്‍ ഭൂമിയില്‍ തൊടാതെ പതിയെ നടന്നു ആല്‍ത്തറയുടെ ചോട്ടിലിരുന്നു . കളിക്കാന്‍ കഴിയില്ല , ചെരുപ്പ് തേയൂല്ലേ? അങ്ങനെയും ഒരു ദിവസം .

“ജയഹേ… ജയഹേ… ജയ ജയ ജയ ജയഹെ… “. സ്കൂള്‍മണി നീണ്ടു ചിലച്ചു. എല്ലാരും പുറത്തിറങ്ങുന്നത് വരെ ഞാന്‍ ക്ലാസ്സില്‍ തന്നെ ഇരുന്നു. അതുകഴിഞ്ഞ് പതിയെ എന്‍റെ വീടിനെ ലക്ഷ്യമാക്കി നടന്നു . മഴ ചാറാന്‍ തുടങ്ങിയിരിക്കുന്നു, ചെറിയ ഇടിയൊക്കെ ഉണ്ട് , വല്യ മഴ ഉടനെ പെയ്യും . ഇടവഴിയില്‍ വച്ച് എന്‍റെ അനിയത്തിയും ഇത്തയും മറ്റു കൂട്ടരും നടക്കുന്നതിന്‍റെ ഇത്തിരി പുറകിലായി ഞാനും നടന്നു . ഒന്നിച്ചു നടന്നാല്‍ അവര്‍ ചളി തെറുപ്പിച്ചാലോ? മഴവെള്ളം ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ കൊച്ചു കരകളിലൂടെ നടക്കുന്നതിനിടെ എന്തോ ഒരു വഴുതല്‍ അനുഭവപ്പെട്ടു . എന്‍റെ കാലിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി ! അതെ ലോകപ്രശസ്തമായ ചാണകം തന്നെ. അതിന്‍റെ ഉടമ കറുത്തതാണോ വെളുത്തതാണോ എന്നനിക്കറിയില്ല , പക്ഷെ ഒന്നെനിക്ക് മനസ്സിലായി ‘ഏതു പശുവിന്‍റെയും പാലിന് മാത്രമല്ല ചാണകത്തിനും ഏതാണ്ട് ഒരേ നിറമാണെന്ന് ‘. വേറെ വഴിയില്ലത്തോണ്ട് ഞാന്‍ എന്‍റെ കാല്‍ ഒഴുക്ക് വെള്ളത്തില്‍ വച്ചു . മഴക്ക് ശക്തി കൂടി , ഇടവഴിയിലെ കൊച്ചു കരകള്‍ ഓരോന്നായി അപ്രത്യക്ഷമായി . ഈ പശു ഫെവികോള്‍ കഴിച്ചാണോ ജീവിക്കുന്നെ? എത്ര ഉരച്ചിട്ടും ചാണകം പോകുന്നില്ല . ഒരു കമ്പടുത്തു റിബ്ബണ്‍ പറിച്ചു ഞാന്‍ ചെരുപ്പ് ചാലില്‍ ഇട്ടു ചവിട്ടിത്തിരുമി. മഴക്ക് ശക്തി കൂടുന്നു, പോരാത്തതിനു കാറ്റും ഇടിയും. ശക്തികൂടിയ ചാലില്‍ ചെരുപ്പ് ഒഴുക്കി ഞാന്‍ അതിനെ തുടര്‍ന്നു നടന്നു. പെട്ടെന്ന് വീശിയ കാറ്റില്‍ കയ്യിലെ കുട പാറിക്കളിക്കുന്നു, കുട നേരെയാക്കി ഒഴുക്കിലേക്ക്‌ നോക്കിയപ്പോള്‍ എന്‍റെ ചെരുപ്പ് ദെ വളരെ ദൂരെ. കുട മടക്കി ഞാന്‍ അതിനു പിന്നാലെ ഓടി. എന്‍റെ വഴിയില്‍ നിന്നും മാറി വേറെ വഴിയിലൂടെ അത് ഒഴുകാന്‍ തുടങ്ങി. ഇല്ലാ എന്‍റെ പിഞ്ചു കാലുകള്‍ക് ആവുന്നതിലും വേഗത്തില്‍ അത് ഒഴുകി. എന്‍റെ കാലുകള്‍ തളര്‍ന്നു. കൂടെയുള്ളവരെല്ലാം വേറെ വഴിയിലാണ്. ഈ ഒഴുക്കിന് അവസാനമില്ലേ? ഞാന്‍ ഓടി ഓടി താറിട്ട റോഡിലെത്തി. ശക്തമായ മഴയിലും ഞാന്‍ വിയര്‍ത്തു. അവസാനം ഞാനതുറപ്പിച്ചു “അത് നഷ്ടപെട്ടിരിക്കുന്നു”. മഴയില്‍ നനഞ്ഞു ഞാന്‍ വീട്ടിലേക്കു വളരെ പതുക്കെ നടന്നു. വീടിലെത്തിയാല്‍ എന്താവും? ഓര്‍ക്കാനേ വയ്യ.

വളരെ വൈകിയിട്ടും വീട്ടിലെ എത്താത്ത എന്നെത്തേടി ഇക്കാക വന്നു. ഇക്ക എന്‍റെ കൈപിടിച്ച് വീട്ടിലേക്കു നടന്നു. ഉമ്മറത്ത്‌ ഉപ്പ ഇരിക്കുന്നുണ്ട്‌. എന്തായിരിക്കും സംഭവിക്കുക? ആകെ ഒരു വിറയല്‍. ഉമ്മ ഓടിവന്നു തല തോര്‍ത്തി തന്നു. തോളില്‍ നിന്നും ബാഗ്‌ ഊരി അതിലെ പുസ്തകങ്ങള്‍ ടാബിളിന് മുകളില്‍ നിരത്തി. ചോറുപാത്രത്തിന്‍റെ ഉള്‍വശം ഒഴിച്ച് ബാക്കിയല്ലാം നനഞ്ഞിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ ഉപ്പ എല്ലാം ഗ്രഹിച്ചെടുത്തെന്നു തോന്നി. പക്ഷെ അന്ന് എനിക്ക് ഉപ്പാന്‍റെ തല്ലു കിട്ടിയില്ല. രാത്രി ചെറിയ പനിയുണ്ടായി. രാവിലെ മദ്രസയില്‍ പോകാന്‍ മുറ്റത്തേക്കിറങ്ങിയപ്പോള്‍ പടിയില്‍ പുതിയ വള്ളിചെരുപ്പ്!. അന്ന് മുതല്‍ ഏഴാം ക്ലാസ്സുവരെ ഞാന്‍ വള്ളിചെരുപ്പ് മാത്രമേ ധരിച്ചിട്ടുള്ളൂ. എന്‍റെ നാടിന്‍റെ ചൂടറിയുന്ന, നാട്ടുകാരുടെ വിയര്‍പ്പുള്ള നാടിന്‍റെ സ്വന്തം വള്ളിചെരുപ്പ് മാത്രം….

ഓര്‍മകളില്‍ എന്‍റെ നിക്കാഹ് - ormakalil ente nikkah

ഓര്‍മകളില്‍ എന്‍റെ നിക്കാഹ്

ഉമ്മറത്തിരുന്നു രാവിലെ കട്ടന്‍ ചായ കുടിക്കുന്നതിനിടെ പത്രക്കാരന്‍ വന്നു . “മോനെ അബ്ദു.. .. ആ പത്രം ഇങ്ങടുത്തെ “. പിഞ്ചു കാലുകള്‍ വേഗത്തില്‍ ചെന്നു പത്രം എടുത്തു തന്നു. അവനെ മടിയിലിരുത്തി കട്ടന്‍ ചായ ഒന്ന് മോന്തി ഞാന്‍ പത്രം നിവര്‍ത്തി. മെയ്‌ 22! നീണ്ട നാല് വര്‍ഷം…… വലതു കാലിന്‍റെ ഒഴിഞ്ഞ മുട്ടില്‍ പതിയെ തടവി ഞാന്‍ ഓര്‍മകളിലേക്ക് വഴുതി …

സ്വപ്നങ്ങള്‍ ചിലപ്പോഴൊക്കെ അങ്ങനെയാണ്, “കുറച്ചു കിട്ടണമെങ്കില്‍ കുറേ കാണണം” എന്നുള്ള ആരുടെയോ വാക്കുകള്‍ കാറ്റില്‍ പറത്തി അന്ന് എന്‍റെ ജീവിതത്തില്‍ വേദനയുടെ തീരാമഴ തിമിര്‍ത്തു പെയ്തു , ഒരു ഇടിയുടെയോ മിന്നലിന്‍റെയോ അകമ്പടിയില്ലാതെ … ആശുപത്രി കിടക്കയില്‍ എന്നെ കാണാന്‍ ലൈല വന്നപ്പോള്‍ അവളുടെ കണ്ണില്‍ നിന്നിറ്റുവീണ കണ്ണീരിനു പോലും ഉണ്ടായിരുന്നു ഒരു സ്വപ്നകൊട്ടാരത്തിന്‍റെ തകര്‍ച്ചയുടെ പറഞ്ഞാല്‍ അറിയിക്കാന്‍ പറ്റാത്ത നെടുവീര്‍പ്പ് . കുട്ടിക്കാലം മുതലേ അവളുടെ ബാപ തന്‍റെ മകള്‍ നിന്‍റെ മകനുള്ളതാണെന്ന് തന്‍റെ പ്രിയ സുഹൃത്തായ ഹക്കീം ഹാജിയോടു , അതായത് എന്‍റെ ബാപയോട് പറയാറുണ്ടായിരുന്നു. കുഞ്ഞു മനസ്സിലെ വേരുറച്ച ആ പ്രണയം പക്ഷെ?.

പ്രീ ഡിഗ്രി കഴിഞു ജോലി അന്വേഷിച്ചു നടക്കുന്ന സമയത്ത് കുടുംബത്തിന്‍റെ മുഴുവന്‍ ഭാധ്യതയും ബാക്കിവച്ചു ബാപ പോയി. പിന്നെ എന്ത് ചെയ്യും എന്നറിയാതെ പകച്ചു നിന്ന കുറെ നാളുകള്‍ , അവസാനം ലൈലയുടെ ബാപ്പ കയ്യില്‍ വച്ച് തന്ന വിസയുമായി ഒരു പാട് ഭാദ്യതകളും കുഞ്ഞു സ്വപ്നവുമായി ഞാന്‍ അറേബ്യന്‍ മണലാരുണ്യത്തിലേക്ക് പറന്നു. അസ്സീനത്താനെ കെട്ടിച്ചതിനു കൊടുക്കാമെന്നു പറഞ്ഞ പണ്ടം ഇനിയും ബാകിയുണ്ട്‌ , കൂടാതെ റസിയയുടെ കല്യാണം, പിന്നെ എനിക്കുവേണ്ടി മാത്രം കാത്തിരിക്കുന്ന ലൈല . ആരുടെയോ ഭാഗ്യം കോണ്ടു കിട്ടിയ ജോലി തരക്കേടില്ലായിരുന്നു .. സൈല്‍സ്മെന്‍ ജോലിയില്‍ നിന്നും ഒരു വര്‍ഷം കോണ്ടു തന്നെ ദുബായിലെ തിരക്കേറിയ സൂകില്‍ ഞാന്‍ ഒരു ചെറിയ ചൈന ഷോപ്പ് തുടങ്ങി … പിന്നെ പടച്ച നാഥന്‍റെ കാരുണ്യം കൊണ്ട് എല്ലാ കടങ്ങളും വീട്ടി. ഇടയ്ക് വീട്ടിലേക്കു എഴുതുമ്പോള്‍ ലൈലക്കും ഞാന്‍ എഴുതാറുണ്ടായിരുന്നു .. . നീണ്ട മൂന്നു വര്‍ഷത്തെ പ്രവാസി ജീവിതവും കഴിഞ്ഞു നാട്ടില്‍ വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ എന്നെ വരവേല്‍കാന്‍ ലൈലയുടെ ബാപയും ഉണ്ടായിരുന്നു . പുരയില്‍ എത്തിയപ്പോള്‍ അടുക്കളയുടെ ജനാലയിലൂടെ എന്നെ നോക്കിയ ലൈലയെ ഞാന്‍ അതിശയത്തോടെ നോക്കി, അവള്‍ വല്യ പെണ്ണായിരിക്കുന്നു . ദിവസങ്ങള്‍ വേഗത്തില്‍ കടന്നു പോയി ..റസിയയുടെ കല്യാണം ഒരുവിധം ഭംഗിയായി തന്നെ കഴിഞ്ഞു . അതിനിടയില്‍ ലൈലയുടെ ബാപ ഞങ്ങളുടെ കല്യാണക്കാര്യം സൂചിപ്പിച്ചെങ്കിലും കല്യാണം കഴിക്കാന്‍ മാത്രം എന്‍റെ കയ്യില്‍ ഒന്നും ബാകി ഇല്ലാത്തതു കോണ്ടു ഒരു പോക്ക് കൂടി കഴിഞ്ഞിട്ടാവമെന്നു അറിയിച്ചു. എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല , പക്ഷെ ഒരു ഭദ്രതയില്ലാതെ അവളുടെ കൈ പിടിക്കാന്‍ ഒരു മടി. ആ യാത്രയില്‍ എന്‍റെ മനസ്സില്‍ ഒരു സ്വപ്നം മാത്രമേ ബാകി ഉണ്ടായിരിന്നുള്ളൂ , ലൈലയോടോത്തുള്ള എന്‍റെ വിവാഹം.

വളരെ പതുക്കെ നീങ്ങിയ രണ്ടു വര്‍ഷത്തിനൊടുവില്‍ നാട്ടില്‍ വരുന്ന വിവരം അറിയിച്ചപ്പോള്‍ ഉമ്മ എന്‍റെ കല്യാണം വന്ന പാടെ നടത്തണമെന്ന ആഗ്രഹം അറിയിച്ചു . ലൈലയുടെ വീട്ടില്‍ കല്യാണ ഒരുക്കങ്ങള്‍ തകൃതില്‍ നടന്നു .കല്യാണത്തിനും മറ്റുമായി ഒരുപാട് സാധനങ്ങള്‍ തിരക്കില്‍ വാങ്ങിക്കൂട്ടി ഞാന്‍ എയര്‍പോര്‍ട്ട് ലക്ഷ്യമാകി അറേബ്യന്‍ റോഡിലൂടെ വേഗത്തില്‍ പാsഞ്ഞു . ഒരു മലയാളീ ഡ്രൈവര്‍ ആയിരുന്നു ടാക്സി ഓടിച്ചു കൊണ്ടിരുന്നത് . കുശലം പറച്ചിലിനിടയില്‍ അയാള്‍ അയാളുടെ കഷ്ട്ടപ്പാടുകളെ കുറിച്ച് വാതോരാതെ സംസാരിച്ചു ” സൂക് അടുത്തുതന്നെ പൊളിക്കുമെന്നാ ഭരണ നയം. നിങ്ങളുടെ കടയും അവിടെയല്ലേ ” . ഹാ , മനസ്സില്‍ അങ്കലാപാകിയ ആ വാര്‍ത്ത‍ ഞാന്‍ കുറച്ചു ദിവസം മുമ്പ് പത്രത്തില്‍ വായിച്ചുരുന്നു . പക്ഷെ എന്ത് ചെയ്യാന്‍? . വരുന്നേടുത്തു വച്ച് കാണാം … ആ വാര്‍ത്ത‍ എന്‍റെ കുറേ ദിവസത്തെ ഉറക്കം കെടുത്തിയതാണ് . സംസാരിച്ചിരിക്കെ പെട്ടന്നു ഡ്രൈവര്‍ ശക്തിയില്‍ ബ്രേക്ക്‌ ചവിട്ടി , എന്‍റെ നെഞ്ജോന്നുകാളി … മുന്പില്‍ ഒരു ആക്സിടെന്‍റ് നടന്നിട്ടുണ്ടായിരുന്നു . “പൊടി മണ്ണ് വല്ലാതെ വീശുന്നതുമൂലം ഈ സമയങ്ങളില്‍ അക്സിടെന്‍റ് പതിവാണ്” , ഡ്രൈവര്‍ കൂട്ടി ചേര്‍ത്തു. ആക്സിടെന്‍റ് കാരണം എയര്‍പോര്‍ട്ടില്‍ എത്താന്‍ വൈകി . ടാക്സി ബില്ലും കൊടുത്തു ഞാന്‍ വേഗം നടന്നു … “ഇവിടെ ഏതോ ബാഗ്‌ കാണുന്നു നിങ്ങളുടെതല്ലേ? ” ഡ്രൈവര്‍ ചോദിച്ചതും ഞാന്‍ ഓടി ച്ചെന്നു അതെടുത്തു, വിവാഹത്തിന് വാങ്ങിയ മഹറും മോതിരവും അതിലായിരുന്നു .

മൂന്നു പ്രാവശ്യം കയറിയിട്ടും വിമാനത്തില്‍ കയറാനുള്ള എന്‍റെ പേടി മാറിയിട്ടില്ല , വിമാനം റണ്‍വേയിലൂടെ കുതിച്ചു പാഞ്ഞു. നീണ്ട പ്രവാസി ജീവിതവും കഴിഞ്ഞ് സന്തോഷത്തിന്‍റെ കുറച്ചു നാളുകള്‍കായി നാട്ടിലേക്ക് പോകുന്നവര്‍ ഉള്‍പടെ 166 പേരെ വഹിച്ചു സ്വാതന്ത്രത്തിന്‍റെ, സമാധാനത്തിന്‍റെ വെള്ള പ്രാവുപോലെ വിമാനം കുതിച്ചു ഉയര്‍ന്നു .അന്ന് മെയ്‌ 22 , ഇനി കൃത്യം 17 ദിവസം മാത്രമേ ഉള്ളു വിവാഹത്തിന് . മനസ്സിലെന്തോ നേടാന്‍ പോകുന്നതിന്‍റെ നെടുവീര്‍പ് . ഞാന്‍ ബാഗില്‍ നിന്നു മോതിരം എടുത്തു . എന്‍റെ വിരലില്‍ ഇട്ടു പതിയെ തലോടി. ഒരുമണിക്കൂറോളം പലതും ആലോചിച്ചു ഇരുന്നു. പിന്നെ ഉറക്കത്തിലേക്കു വഴുതി .

ശക്തമായ കുലുക്കത്തില്‍ ഞാന്‍ തെറിച്ചു വീണു .എന്നിലേക്ക്‌ അടുക്കുന്ന തീജ്വാലയെ ഞാന്‍ ഒരു നിമിഷം തിരിച്ചറിഞ്ഞു . കൂട്ട നിലവിളികള്‍ക്കിടയില്‍ വിമാനത്തിന്‍റെ നടുവില്‍ കണ്ട വിള്ളലിലൂടെ എടുത്തു ചാടി. വിമാനത്തിന്‍റെ ചിറകിന്‍ മുകളിലൂടെ ഊര്‍ന്നു താഴേക്ക്‌ വീണു.. എണീക്കാന്‍ വയ്യെങ്കിലും ആരോ എന്നെ പിടിച്ചു വലിക്കാന്‍ ശ്രമിച്ചു, പക്ഷെ അപ്പോഴേക്കും ഒരു പൊട്ടിത്തെറിയില്‍ ഞങ്ങള്‍ തെറിച്ചു പോയി ഒന്നും വ്യക്തമല്ല ..ഒന്നും ഓര്‍മയില്ല …

കറങ്ങി കൊണ്ടിരിക്കുന്ന ഫാനിലേക്ക് കണ്ണു തുറന്നു നോകിയാപ്പോള്‍ എന്തോ നഷ്ടപെട്ടതുപോലെ …. യാ ആല്ലഹ് ! എന്‍റെ വലതു കാല്‍? നെഞ്ചില്‍ ഉരുക്ക് ഉരുകി ഒലിച്ച വേദന , എത്ര ശ്രമിച്ചിട്ടും കരച്ചിലടക്കാനാകാതെ നീണ്ട ദിവസങ്ങള്‍, ഉമ്മാന്‍റെ കണ്ണില്‍നിന്നിറ്റുവീണ കണ്ണീരിന് ഒരാഴിയോളം വ്യാപ്തമുണ്ടാകും. എല്ലാം തന്ന നാഥന്‍റെ പരീക്ഷണം.വാജ്പേ വിമാനത്താവളത്തില്‍ രക്ഷപ്പെട്ട 8 പേരില്‍ ഒരാള്‍ ഞാന്‍. ഒരുപക്ഷെ ചിലര്‍ പറഞ്ഞത് നേരായിരിക്കും, എനിക്ക് ഒരു കാലേ നഷ്ടപ്പെട്ടുള്ളു. പക്ഷെ ഒരുപാട് കുടുംബങ്ങളുടെ മുഴുവന്‍ ബാദ്യതകളുമായി എന്‍റെ കൂടെ വിമാനത്തില്‍ ഉണ്ടായിരുന്ന കുറെ ആള്‍കാര്‍! ചിലരുടെ മുഖം കണ്ണില്‍ നിന്നു മായുന്നില്ല. ദുബായ് എയര്‍പോര്‍ട്ടില്‍ ബാപയെ കൂടാതെ നാടിലേക്ക് മടങ്ങുന്ന ഒരു പിന്ജോമനയുടെ ഗദ്ഗദം ഇപ്പോഴം എന്‍റെ ചുറ്റും ധ്വനിക്കുന്നു. ആ ബാലിക?

അന്ന് ലൈലയുടെ ബാപ വളരെ വിഷമത്തോടെ എന്‍റെ ഉമ്മാനെ ലൈലയുടെ കല്യാണത്തിന് ക്ഷണിച്ചു ” റാസാകിനോടും പറയോണം. ഞാന്‍ അവനെ കാണാന്‍ നില്കുന്നില്ല. ഓനും കൂടി നിര്‍ബന്ധ്ച്ചിട്ടാ ഞാനിതു നടത്തുന്നെ , എല്ലോരും വരേണം. ലൈല ഇപ്പോഴും കരച്ചിലാണ് . ന്‍റെ മോക്ക്… ഞാന്‍…. “. മുഴുമിപ്പിക്കാതെ അയാള്‍ നടന്നകന്നു. ഒരു മകളുടെ ഭാവിയെക്കുറിച്ച് ആകുലപ്പെടുന്ന കോടിക്കണക്കിനു ബാപമാരില്‍ ഒരാള്‍ മാത്രമാണ് അയാള്‍ … ഇരുണ്ട മുറിയിലെ ജനനിലുലൂടെ ഞാന്‍ അദ്ദേഹം നടന്നകലുന്നത് നോകി നിന്നു. എന്‍റെ ബാപയേക്കാള്‍ രണ്ടു വയസ്സ് കൂടുതലുണ്ട് മൂപര്‍ക്ക് , വാര്‍ദ്ധക്യവും മകളെ കുറിച്ചുള്ള ആകുലതകളും അദ്ധേഹത്തെ വല്ലാതെ ക്ഷീണിതനാകിയിട്ടുണ്ട് . ലൈലയുടെ നിശ്ചയിച്ച കല്യാണ ദിവസം, കാലം തളര്‍ത്തിയ കാലും പ്രണയം തളര്‍ത്തിയ ഹൃദയവുമായി ഇനി ആര്‍ക് വേണ്ടി ജീവിക്കണം എന്നറിയാതെ ലൈലയെ കുറിച്ചുള്ള ഓര്‍മകളില്‍ ഞാന്‍ നെഞ്ചുരുകി ഇരിക്കുമ്പോള്‍, പാടത്തൂടെ ഒരാള്‍കൂട്ടം എന്‍റെ പുരയിലേക്ക്‌ വരുന്നത് ഞാന്‍ കണ്ടു. അവര്‍ പുരയിലേക്ക്‌ അടുത്തപ്പോള്‍ ഏറ്റവും മുമ്പിലായി അദ്ദേഹം ഉണ്ടായിരുന്നു. ഉമ്മറത്ത്‌ നിന്നു അദ്ദേഹം എനിക്ക് സലാം ചൊല്ലി. ഞാനെന്‍റെ പോയ്കാലില്‍ നിന്നു സലാം മടക്കി. “ബാപാ ഞാന്‍ കളിയ്ക്കാന്‍ പോട്ടെ?” അബ്ദൂനെ മടിയില്‍ നിന്നിറക്കി. അവന്‍ അവന്‍റെ അയല്വക്കകാരന്‍ ചങ്ങാതി ഖാദിരിന്‍റെ കൂടെ കളിയ്ക്കാന്‍ പോയി . കയ്യിലിരുന്ന കട്ടന്‍ചായ ഒരല്‍പം ചൂടാറിയിട്ടുണ്ട് , എങ്കിലും ഒന്ന് മോന്തിയിട്ട്‌ ഞാന്‍ വീണ്ടും ഓര്‍മകളിലേക്ക് തിരിച്ചു …. അന്ന് ലൈലാന്‍റെ ബാപ എന്നോട് പറഞ്ഞ വാക്കുകള്‍! “കൊറചീസായിട്ട് നിന്‍റെ ബാപനെ മാത്രമേ ഞാന്‍ കിനാവ്‌ കാണുന്നുള്ളൂ. പണ്ട് മദ്രാസില്‍ നിന്നും കപ്പല് കയറി ഗള്‍ഫ് തീരത്ത് ഉടുത്ത മുണ്ടും ജുബ്ബയും തലയില്‍ കെട്ടി കയറിയപ്പോ അറബി പോലീസ് പിടിച്ചു ആരോരുമില്ലാതെ അലഞ്ഞ നാളില്‍ ഞാന്‍ കണ്ട ഏക സഹായിയായ, സ്നേഹിയായ മനുഷ്യന്‍ നിന്‍റെ ബാപ മാത്രമായിരുന്നു. തങ്ങാനോരിടവും ഉടുക്കാന്‍ ഉടുപ്പ് തന്നതും അതേ ഹക്കീം തന്നെ. കാലം എന്നെ ഇത്തിരി കാശുകാരനാകിയതിന്‍റെ അഹങ്കാരമായിരിക്കാം എന്നെ ഇങ്ങനയൊക്കെ ചെയ്യിച്ചത്. “പടച്ചോന്‍ നിങ്ങളെ ഇണയാകിയാ പടച്ചേ” എന്ന് അവന്‍ ആയിരം വട്ടം എന്നോട് മന്ത്രിച്ചു. നമ്മ മനിസമ്മാര് അത് മാറ്റം പാടോ? ഇല്ലാ പാടില്ല . അത് കോണ്ടു ലൈലനെ എന്‍റെ ഹക്കീം ഹാജീന്‍റെ മോനായ നിനക്ക് തന്നെ തരുആ… ” സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ ഇനിയൊരിക്കലും കരയില്ലെന്ന് വാശിപിടിച്ച എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. സ്നേഹത്തോടെ അദ്ദേഹം എന്നെ കെട്ടിപ്പിടിക്കുമ്പോള്‍ നിസ്സ്വര്‍ത്ത സ്നേഹത്തിന്റെ ചൂട് ഞാന്‍ അറിഞ്ഞു. പിന്നെ അവിടെ നടന്നത് ഞാന്‍ സ്വപ്നങ്ങളില്‍ ആയിരം വട്ടം കണ്ട, മറക്കാന്‍ പതിനായിരം വട്ടം ശ്രമിച്ച എന്‍റെ നിക്കാഹ് ആയിരുന്നു. ഞാന്‍ അറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. എന്‍റെ തോളില്‍ ഇറ്റിയ കണ്ണീര്‍ തുള്ളികളുടെ ഉറവിടം നോകി പിറകിലേക്ക് നോകിയപ്പോള്‍ എന്‍റെ സ്നേഹനിധിയായ ലൈലയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. “എന്താ ഇക്കാ ഇങ്ങനെ , പഴയ കാര്യങ്ങലോര്‍ത്തു സഗ്ഗടപ്പെടല്ലേ , എല്ലാം ശരിയായില്ലേ ?” മൃദുലമായ കൈകള്‍ കൊണ്ട് അവളെന്‍റെ കണ്ണുനീര്‍ തുടച്ചു. ആ കൈകളി തലോടി ഞാന്‍ ഒരു ചുംബനം നല്‍കി. “എനിച്ചും ഏണം ഉമ്മ” അബ്ദു ഓടി വന്നു ചോദിച്ചു . ഞങ്ങളിരുവരും അവന്‍റെ ഇരുകവിളുകളിലും മാറി മാറി ഉമ്മ വച്ചു. അപ്പോള്‍ ചാരുപടിയില്‍ ചാരിവച്ച എന്‍റെ പോയ്കാല്‍ എന്നെ നോക്കി കണ്ണിറുക്കി….

നോമ്പ് കാലം , സമൂസയുടെയും - nombkaalam sammoosayudeyum

നോമ്പ് കാലം , സമൂസയുടെയും

“സമൂസ ” ഒരാളുടെ പേരൊന്നുമല്ല , മലബാറിലെ പേരുകേട്ട ഒരു അടയുടെ പേരാണ് .. പേരുപോലെ തന്നെ ആള് വിദേശിയാണെന്ന് തോന്നുന്നു , നല്ല ഇറച്ചി മസാല മൈദമാവില്‍ പൊതിഞ്ഞു ചുട്ടെടുത്ത ഒരു രുചിയൂറും വിഭവം , രുചിയൂറും എന്ന് പറഞ്ഞത് വെറുതെയല്ല , അതിന്‍റെ മണം അടിച്ചാല്‍ തന്നെ വായില്‍ പത്തു പതിനഞ്ചു കപ്പലോടിക്കേണ്ട വെള്ളം വരും , ഒരു ഏകദേശ കണക്കാണ് കേട്ടോ ചിലര്‍ക്ക് അതിലും കൂടും . അങ്ങനെയുള്ള ചിലരില്‍ പെട്ട ഒരു കുഞ്ഞു പുള്ളിയായിരുന്നു ഞാനും , കുഞ്ഞു എന്ന് പറഞ്ഞത് ഇപ്പോള്‍ ഞാന്‍ കുഞ്ഞായത് കൊണ്ടല്ല മറിച്ച് ഈ സംഭവം നടക്കുന്ന സമയത്ത് ഞാന്‍ കുഞ്ഞായത് കൊണ്ടാണ് .

സമൂസ , കൂടുതലറിയാന്‍ ചിലത് … ഇറച്ചി, അത് ചിലപോള്‍ പോത്ത് ആവാം മട്ടനാവം കോഴിയാവാം, ചെമ്മീനും ആകാം. ഉള്ളി മസാലയില്‍ ചീളുകളായി തൊളിചെടുത്ത ഇറച്ചിക്കഷ്ണങ്ങള്‍ ഇട്ടു ഫ്രൈ രൂപത്തിലാക്കി മൈദാ പാളിയില്‍ പോതിഞ്ഞുണ്ടാക്കുന്നതാണ് നമ്മുടെ സമൂസ . ചില ബേക്കറികളില്‍ വാങ്ങാന്‍ കിട്ടുന്ന പട്ടാണി കടലയില്‍ തീര്‍ത്ത സമൂസയ്ക് എന്‍റെ കഥയിലെ സമൂസയുമായി യാതൊരു ബന്ധവുമില്ല, അത് വായിലിട്ടാല്‍പോലും ഒരു കടലാസ്തോണി ഇറക്കേണ്ട വെള്ളം പോലും ഉണ്ടാകില്ല .. നമ്മുടെ സമൂസ , അതൊരു സമൂസ തന്നെ , കോണിലും ചതുരത്തിലും , അച്ചിലും അച്ചില്ലാതെയും അതുണ്ടാക്കം . ഓര്‍കുമ്പോള്‍ ഇപ്പോഴും എന്‍റെ വായില്‍ വെള്ളം വരുന്നുണ്ട് .

എന്‍റെ പുരയിലെ സമൂസയില്‍ ബീഫാണ് പതിവ് , ചിക്കനും ചെമ്മീനും പരീക്ഷിച്ചിട്ടുമുണ്ട്‌ . ഞാന്‍ നാലാം ക്ലാസില്‍ പടിചോണ്ടിരുന്ന, സോറി പോയി കൊണ്ടിരുന്ന കാലം ഇടയ്ക്കു നമ്മുടെ നോമ്പ് കടന്നു വന്നു .. ഞാന്‍ അത് പറഞ്ഞില്ല ,എന്താണെന്നുവെച്ചാല്‍, പുരയില്‍ സാദാരണ കടയില്‍ നിന്നു വാങ്ങുന്ന ബിസ്കറ്റും പൂളുമോക്കെ ആയിരിക്കും കടി. നോമ്പിനു അതെല്ലാം സമൂസയ്കും ഉന്നക്കായിക്കും വഴിമാറും . പരീക്ഷണാര്‍ത്ഥം ഞാനും ആകൊല്ലം നോമ്പെടുത്ത് തുടങ്ങി , ശരിയായ പരീക്ഷണം നോമ്പെടുക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല മറിച്ച്‌ പുരയിലെ രീതി അനുസരിച്ചു നോമ്പെടുക്കുന്നവര്‍ക്ക് കൂടുതല്‍ സമൂസയും മറ്റും കിട്ടും, ഇല്ലാത്തവര്‍ ഒന്നോ രണ്ടോ കോണ്ടു ത്രിപ്തിപ്പെടണം , കുട്ടികള്‍ അങ്ങനെയെങ്കിലും നോമ്പെടുക്കാനുള്ള ഉപ്പയുടെ ഒരു അടവായിരുന്നു അത് .

ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു ഞാനും അനിയത്തിയും നോമ്പെടുതിരുന്നത്. നോമ്പെടുക്കുന്നതിനനുസരിച്ചു ഞങ്ങളുടെ സമൂസയുടെ എണ്ണo കുറഞ്ഞും കൂടിയും തുടര്‍ന്നു .. ഒരു ദിവസം ക്ലാസ്സില്‍ എന്‍റെ അടുത്തിരുന്ന രഞ്ജുമോന്‍ കടയില്‍ നിന്നു വാങ്ങിയ മജാക്കരിന്‍റെ നല്ല മുളക് അച്ചാര്‍ കോണ്ടു വന്നു എല്ലാവര്‍കും കൊടുത്തു , നോമ്പുകാരനായ എനിക്ക് വായില്‍ വെള്ളം അണപൊട്ടി ഒഴുകി. മറന്നു കഴിച്ചാല്‍ നോമ്പ് മുറിയില്ല എന്ന കാരണം ഉദ്ദേശിച്ചു രഞ്ജുമോന്‍ തന്ന അച്ചാറിന്‍റെ പങ്കു ഞാന്‍ സ്ലോമോഷനില്‍ നക്കിത്തുടച്ചു . ഇന്‍റെ ര്‍വെല്ലിനു ബെല്ലടിച്ച ഞാന്‍ ഓടിച്ചെന്നു പൈപിനടുതെത്തി വായ്‌ കഴുകുന്നതിനിടെ ഒടുക്കത്തെ എരുവ് കാരണം കുറച്ചു വെള്ളവും കൂടെ അകത്താകി. ഉച്ചയ്ക്കും ഞാന്‍ അത് തുടര്‍ന്നു . വൈകുന്നേരം വീട്ടില്‍ ചെന്ന് നോമ്പ് മുറിച്ചു എന്ന് പറഞ്ഞാല്‍ അപ്പോള്‍ തന്നെ ഉമ്മ വയറു നിറച്ചു ചോറ് വാരിത്തരും , പക്ഷെ എന്‍റെ സമൂസയുടെ എണ്ണം? ഇല്ല സമൂസയെ തൊട്ടുള്ള കളി വേണ്ട . പുരയിലേക്ക് അരക്കിലോമീറ്റെര്‍ അകലെ എത്തുമ്പോഴേക്കെ എന്‍റെ ആഗോളനാസത്തില്‍ സമൂസ മണത്തു , ഹം . ചെന്ന ഉടനെ കട്ടിലില്‍ കമിഴ്ന്നു കിടന്നു , നോമ്പുകാരനല്ലേ ക്ഷീണം കാണില്ലേ ? എന്‍റെ ഈ കിടപ്പുകാണാന്‍ അടുക്കളയില്‍ നിന്നും ഓടിവന്ന ഉമ്മയുടെ കയ്യില്‍ സമൂസയുടെ അച്ചും മൈദാ മാവിന്‍റെ ഇലയും ഉണ്ടായിരുന്നു . “വാ മോനെ വന്നു മുഖം കഴുക്, കുറച്ചു ആശ്വാസം കിട്ടും”, ഉമ്മ എനിക്ക് മുഖം കഴുകി തന്നു. ഞാന്‍ അടുക്കളയില്‍ ഉമ്മ സമൂസ ചുടുന്നതിന് അടുത്തിരുന്നു , ചുട്ടെടുത്ത സമൂസകള്‍ ഓരോന്നായി പ്ലേറ്റില്‍ നിറയാന്‍ തുടങ്ങി , ഉമ്മ അറിയാതെ ഒന്ന് താഴേക്ക്‌ വീണു. എന്‍റെ വായില്‍ വെള്ളം നിറഞ്ഞു , എന്‍റെ നോമ്പ് നേരത്തെ മുറിഞ്ഞില്ലേ , പിന്നെ മടിച്ചില്ല ഉമ്മാനെ കാണാതെ അതെടുത്തു ട്രൌസറിന്‍റെ പോകറ്റില്‍ ഇട്ടു പുരയുടെ പിന്നാംപുറത്തുള്ള വലിയ കരിങ്കല്‍ പാറയുടെ പുറകില്‍ ചെന്നിരുന്നു ആര്‍ത്തിയോടെ അകത്താക്കി വേഗം പുരയിലേക്ക്‌ മടങ്ങി . പാവം ഒന്നും അറിയാത്ത പയ്യന്‍ … പുരയില്‍ കയറി വീണ്ടും അടുക്കളയിലെ സമൂസത്തളികയെ ലക്ഷ്യമാകി നടന്നു , ഒന്നൂടെ എടുത്തു. അങ്ങനെ രണ്ടു മൂന്നെണ്ണം ഞാന്‍ അകത്താക്കി . ബാക്കി ഇനി നോമ്പ് മുറിക്കുമ്പോള്‍ .

നോമ്പ് മുറിക്കാന്‍ നേരം, നോമ്പെടുത്ത എല്ലാരും ടേബിളിനുചുറ്റും ഇരുന്നു , ഞാന്‍ സമൂസ വെച്ച വല്യതളികയുടെ വശം ചേര്‍ന്നിരുന്നു . ഉപ്പ ഉമ്മാനോട് ചോദിച്ചു ” നീ ഇതിനു ഉപ്പും മുളകുമൊക്കെ ഇട്ടിട്ടുണ്ടോ? അല്ല മമ്മദേ നീ സമൂസ തിന്നപ്പോള്‍ എരുവുണ്ടായിരുന്നോ ? ഞാനൊന്നു ഞട്ടി , ഇരുന്ന ഇരിപ്പില്‍ വിയര്‍ത്തു . പടച്ചോനെ … ഉപ്പ ഇതെങ്ങനെ കണ്ടു ? ഇരിക്കണോ എണീക്കണോ എന്നറിയാതെ ഞാന്‍ ഇരുന്ന ഇരുപ്പില്‍ അലിഞ്ഞു പോയി. ഉപ്പ എന്‍റെ അരികിലേക്ക് വന്നു പ്ലേറ്റില്‍ നിന്നും മൂന്നാല് സമൂസ എടുത്തു എന്‍റെ കയ്യില്‍ വച്ച് തന്നു . “എന്‍റെ മോന്‍ ഇനി എടുത്ത നോമ്പ് മുറിക്കരുത് “. ഉപ്പയുടെ മുഖത്ത് നോക്കാതെ ഞാനത് വാങ്ങി , ഉമ്മയെ നോക്കി കണ്ണു ചിമ്മി സമൂസയെ ഞാന്‍ പതിയെ കടിച്ചു , നോവിക്കാതെ. ” ഇക്കാ, ബാങ്ക് കൊടുക്കുന്നു , നോമ്പ് മുറിക്കുന്നില്ലേ” . ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍മകളില്‍ നിന്നും എണീറ്റു . കാരക്ക കോണ്ടു നോമ്പ് മുറിച്ചു , മുമ്പിലിരിക്കുന്ന തളികയിലെ സമൂസ പകുതിയും അനിയന്‍ അവന്‍റെ സ്പെഷ്യല്‍ പാത്രത്തിലേക്ക് മാറ്റിയിട്ടുണ്ട് . സമൂസ ഒരെണ്ണം എടുത്തു ഞാന്‍ വായിലിട്ടു എന്നിട്ട് ചുറ്റും നോകി , ഉമ്മ എന്നെ നോകി പുഞ്ചിരിച്ചു , അനിയത്തിയുടെ കുഞ്ഞിനെ എടുത്തു മടിയിലിരുത്തി ഞാന്‍ കണ്ണടച്ച് ഉപ്പയെ ഓര്‍ത്തു , ഉപ്പ മരിച്ചിട്ട് ഈ നോമ്പിനു എട്ടു വര്‍ഷം തികയുന്നു , ഇപ്പഴും എനിക്കാറില്ല , ഉപ്പ എങ്ങനെയാണ് ഞാന്‍ സമൂസ കട്ടുതിന്നത് കണ്ടത് എന്ന്..

ഒരു ബെന്‍സ് യാത്ര - oru benz yathra

ഒരു ബെന്‍സ് യാത്ര

ജീവിച്ചു കൊതി തീരാഞ്ഞിട്ടല്ല , മരിക്കാനുള്ള ഭയം കൊണ്ടുമല്ല .. പക്ഷെ ആര്‍ക് വേണ്ടി ?

കുഞ്ഞു നാളില്‍ അവനു സൈക്കിള്‍ വാങ്ങിച്ചു കൊടുത്തപ്പോള്‍ കുഞ്ഞു മനസ്സിന്‍റെ നിഷ്കളങ്കതയോടെ, വിടര്‍ന്ന കണ്ണുകളോടെ അവന്‍ പറഞ്ഞു ” വലുതായാല്‍ ഞാന്‍ അച്ഛനെ അമ്ബാസിടര്‍ കാറില്‍ കോണ്ടു പോകും “. ബെന്‍സ് കാറിന്‍റെ പുറകിലിരുന്നു യാത്ര ചെയ്യുമ്പോള്‍ അത് ഓടിച്ചു കൊണ്ടിരുന്ന അവന്‍റെ മുഖത്ത് പഴയ വാക്കുകളുടെ ചാരിദാര്‍ത്യം ഉണ്ടായിരുന്നോ ? . തിരക്കേറിയ ബിസിനസ്‌ ജീവിതത്തില്‍ മത്സരത്തിന്‍റെയും വിധ്വേഷതിന്‍റെയും കൈകളില്‍ എന്‍റെ പേര മക്കള്‍ എങ്കിലും പെടരുതെന്ന ആഗ്രഹം മാത്രമേ ഉള്ളു . ദൈവം അവരെ രക്ഷിക്കട്ടെ , അവളുണ്ടയിരുന്നപ്പോള്‍ ഒരു ദിവസം പോലും ഒഴിയാതെ അവള്‍ പ്രാര്‍തിച്ചതും അതായിരുന്നു .

കിഴക്കേ മെനയിലെ കോലായിലിരുന്നു എന്‍റെ അച്ഛന്‍ മഠത്തില്‍ ഗോപാല കൃഷ്ണ പിള്ള , എനിക്ക് ആദ്യാക്ഷരം ചൊല്ലി തന്ന വേലായുധന്‍ നായരോട് എന്നെ കുറിച്ചുള്ള സങ്കല്പങ്ങള്‍ പറഞ്ഞപ്പോള്‍ എന്‍റെ കാതുകളില്‍ തിങ്ങി നിറഞ്ഞ വാക്കുകള്‍ എന്തായിരുന്നു. “കേട്ടോ വേലായുധാ , അവനെ പഠിപ്പിച്ചു ഇമ്മിണി വല്യ ക്ലാര്‍കാക്കണം, സംബബതിലും പേരിലും മഠത്തില്‍ തറവാട് മറ്റാരെക്കാളും മുന്‍പന്തിയിലാണെന്ന് തനിക്കറിയല്ലോ? .. എന്നാ അത് മാത്രം മതിയോ മടതിലുകാര്ക്? ” കാലം വളരെ ദൂരം പിന്നിട്ടിരിക്കുന്നു, ഓര്‍മകളും.

ഒരിക്കല്‍ അച്ഛന്റെ കല്‍ വിളക്കിനു തിരി കൊളുത്തുമ്പോള്‍ എന്‍റെ പ്രിയതമ സുലോജന പറഞ്ഞു “നമ്മുടെ കാലം കഴിഞ്ഞാല്‍ ആരാ ഇവിടെ തിരി തെളിയിക്കുക?” . മറുപടി പറയാന്‍ അറിയഞ്ഞ്ട്ടോ അതോ ഇല്ലാത്തതു കൊണ്ടോ അന്ന് ഞാന്‍ മൌനം നടിച്ചു തിരിഞ്ഞു നടന്നു. വാര്‍ധക്യത്തിന്റെ തുടക്കത്തില്‍ ഞങ്ങളുടെ ശരീരം തളര്‍ന്നിട്ടില്ല , പക്ഷെ മനസ്സ് ? .

ഉത്സവ ലഹരിയിലായിരുന്ന ഒരു വിഷുക്കാലത്ത്, മദ്രാസിലെ തിരക്കേറിയ താലൂക് ഓഫീസില്‍ ക്ലാര്‍കു ആയി ജോലി നോക്കി കൊണ്ടിരുന്ന സമയത്ത്, വിഷു ആഘോഷങ്ങള്‍കായി വീട്ടിലേക്ക്‌ വന്ന ദിവസം രാത്രി ഭക്ഷണം കഴിഞ്ഞിരിക്കുമ്പോള്‍ അച്ഛന്‍ കോലായിലെ ചാര് കസേരയുടെ അടുത്തിരുത്തി എന്നോട് പറഞ്ഞു ” ഇന്നലെ നമ്മുടെ രാമുണ്ണി നായര്‍, അറിയില്ലേ വടക്കേടത് രാമുണ്ണീനെ , (ഞാന്‍ അറിയാമെന്ന ഭാവത്തില്‍ തലകുലുക്കി ),ആ ,, ഞാന്‍ പാടത്ത് കൊയ്ത്തു കാരെ കാണാന്‍ പോയപ്പോള്‍ കണ്ടിരുന്നു . മൂപരുടെ മകള്‍, നിനക്കറിയുമോ എന്നറിയില്ല സുലോജന, നല്ല തറവാട്ടുകാരി . നമ്മുടെ കുടുംബത്തിനു എല്ലാം കൊണ്ടും ചേര്‍ന്നത്‌.. ജാതകമോക്കെ ഞാന്‍ നോക്കിച്ചു , പത്തിലോമ്പത് പൊരുത്തം. എന്തെ നിനക്കും ഒരു തുണ വേണ്ടേ ? എന്നാലേ ജീവിതത്തിനു ഒരു താളം ഉണ്ടാകൂ. എന്താ നിന്‍റെ അഭിപ്രായം?”. അച്ഛന് ഒരു പൊതി വെത്തിലയുമായ് വന്ന അമ്മ എന്നെ നോകി ചിരിച്ചു . എന്നിട്ട് അച്ഛനോട് പറഞ്ഞു. “അവന്‍ അവളെ ഒന്ന് കാണട്ടെ ,പഠിപ്പിലും സൌന്ദര്യത്തിലും ഒരു കുറവുമില്ല , ആറാം ക്ലാസ്സില്‍ വരെ പോയിട്ടുണ്ടെന്നാ കേട്ടത് “… പിന്നെ എല്ലാം ഒരു കഥപോലെ.

പൊടുന്നനെ കാറിന്‍റെ പുറകു സീറ്റില്‍ എന്നോടപ്പം ഇരിക്കുന്ന ചെറു മകള്‍ ” മുത്തച്ഛാ ഈ രാഹൂനെ നോക്യേ അവന്‍ എന്നെ തടിച്ചീന്നു വിളിച്ചു കളിയാക്കുന്നു ” ഹേ! !!! ഞെട്ടലോടെ ഞാന്‍ അവളെ നോകി , പേരക്കിടാവിനെ തലോടി കോണ്ടു ഞാന്‍ പറഞ്ഞു “ഉണ്ണിയെ നിന്‍റെ അനിയത്തിയല്ലേ അവള്‍ ? ഇങ്ങനെയൊക്കെ ആണോ? നല്ലകുട്ടി ആയിരിക്കെണ്ടേ ? മുത്തച്ഛന്‍ ഇന്നലെ പറഞ്ഞ കഥയിലെ നമ്പോലന് കുസ്രിതി കാണിച്ചിട്ട് അവസാനം പറ്റിയ അമളി ഓര്‍മ്മയുണ്ടോ? “. ആ കുഞ്ഞു മക്കള്‍, അവരുടെ കണ്ണുകള്‍, ഒന്നും അറിയാത്ത , അറിയേണ്ടാത്ത പ്രായം . കാറിന്‍റെ വാതിലിലൂടെ പുറത്തേക്കു നോകുമ്പോള്‍, നാടിന്‍റെ പുരോഘതിയുടെ വിരലടയാളങ്ങള്‍ പോലയുള്ള ഭീമമായ കെട്ടിടങ്ങള്‍ ചെറുതായി ചെറുതായി വരുന്നു . നഗര വീഥിയിലെ തിരക്ക് കുറഞ്ഞു വരുന്നു.

ആറുമാസം മുമ്പ് തറവാടും സ്വത്തും ഭാഗം വച്ചപ്പോള്‍ ഇളയ മകനായ ഇവന്‍റെ കൂടെ ബംഗ്ലൂരിലെ ഫ്ലാറ്റിലേക്ക് താമസം മാറിയതാണ് , തറവാട്ടിലെ വേലക്കാരനായിരുന്ന അയ്യപ്പന് പത്തു സെന്‍റ് എഴുതി വെച്ചതിനു ഇവനാണ് ഏറ്റവും വിഷമം ഉണ്ടായതു, പത്തിരുപതു കൊല്ലം എന്‍റെ കൂടെ പാടത്തും പറമ്പതും പണിയെടുത്ത അവനു അതെങ്കിലും കൊടുക്കണ്ടേ?. ഇറങ്ങുന്ന സമയത്ത് അച്ഛന്റെയും അമ്മയുടെയും കല്‍ വിളക്കിനടുത്തേക്ക് അവസാനമായി ചെല്ലുമ്പോള്‍ ഒരു കുടയുടെ മറയുമായി കൂടെ അയ്യപ്പനും ഉണ്ടായിരുന്നു . വിളക്കിലെ തിരി മഴ യില്‍ നനഞ്ഞിരുന്നു … എന്തോ നഷ്ടപ്പെട്ടത് പോലെ .

നഗരം, അതൊരു തിരക്കുള്ള ലോകം തന്നെ. തീപെട്ടി കൊള്ളിയുടെ ബലം പോലുമില്ല ഇവിടെ കുടുംബ ബന്ധത്തിനു. ഭക്ഷിച്ചാല്‍ കൈ കഴുകാനുള്ള സമയം പോലുമില്ല. ഫ്ലാറ്റില്‍ രാവിലെ എല്ലാരും ജോലിക്ക് പോയാല്‍ ഒറ്റയ്ക്ക് ഇരിക്കണം, വൈകുന്നേരം കുട്ടികള്‍ വന്നപാടെ ടൂഷന് പോകും , മകന്‍ വൈകിയാണ് വരുക, അച്ഛന് വല്ലതും വേണോ എന്നൊരു ചോദ്യം എപ്പഴും ചോദിക്കും ; ഉത്തരം പ്രതീക്ഷിക്കാതെ. എങ്കിലും വേണ്ട എന്നര്‍ത്ഥത്തില്‍ തലയനക്കും. സോഫിയ ബാങ്കിലാണ് ജോലി ചെയ്യുന്നത് , പ്രേമ വിവാഹമായിരുന്നു , ഒരുപാടു പേരെ വിഷമിപ്പിച്ചു അവന്‍ അവളെ രജിസ്റ്റര്‍ വിവാഹം ചെയ്തു . അവള്‍കെപ്പഴും തിരക്കാണ് .. കുട്ടികളെ നോക്കണം , ഭക്ഷണം ഉണ്ടാക്കണം അത് കഴിഞ്ഞു ജോലിക്ക് പോകണം . മിക്കവാറും രാത്രിയില്‍ അവന്‍ പൊതി ഭക്ഷണം കൊണ്ടുവരും.. നഗരത്തിന്റെ തണുപ്പിച്ച ഭക്ഷണം . നല്ല സാമ്പാറും ചോറും കഴിച്ച കാലം മറന്നു .. പൊതി ഭക്ഷണം എനിക്ക് കഴിക്കാന്‍ കഴിയില്ല ഞാന്‍ വല്ല ബ്രഡോ മറ്റോ അടുക്കളയില്‍ ഉള്ളത് കഴിച്ചു വിശപ്പടക്കും .. കഴിക്കാതിരിക്കാന്‍ കഴിയില്ല … ജീവിക്കണ്ടേ ?

കാര്‍ വളരെ ദൂരം പിന്നിട്ടു ആ വലിയ ഗേറ്റിനു മുന്നില്‍ നിര്‍ത്തി. “ഒരുപാടു പേരുണ്ട് ഇവിടെ. അച്ഛന് ഇനി തനിചിരിക്കേണ്ടി വരില്ല” അവന്‍ എന്‍റെ ഭാഗെടുത്ത് ഗേറ്റും കടന്നു നടന്നു. “നിങ്ങള്‍ ഇവിടെ ഇരുന്ന മതി “, കുട്ടികള്‍ വരാന്‍ ആഗ്രഹിച്ചെങ്കിലും അവന്‍ സമ്മതിച്ചില്ല . പേരകുട്ടികള്‍ക്ക് നെറ്റിയില്‍ ഓരോ ഉമ്മ കൊടുത്തു. “മുത്തച്ഛന്‍ എന്തിനാ കരയുന്നെ?”, അമ്മു മോളുടെ ആ ചോദ്യത്തിന് ഉത്തരം നല്‍കാതെ അയാള്‍ ഇടറിയ കാലുമായി വേഗത്തില്‍ മകനെ തുടര്‍ന്ന് നടന്നു. ഒരു വല്യ ലോകത്തേക്ക് , തന്നെ പോലെയുള്ള ഒരു പാട് അഗതികളുടെ കൂട്ടത്തിലേക്ക് ………

From ഓര്‍മ്മകള്‍ by Muhammed AK

ഫ്ലൂറസെന്‍സ് - fluorescence

ഫ്ലൂറസെന്‍സ്

മുഖത്ത് തീ കാറ്റ് വീശുന്നു. ഓടി ഓടി ഞാന്‍ വിയര്‍ത്തു. ഡിങ്കനെ വിളിച്ചു, വിളി കേട്ടില്ല മായാവിയെ വിളിച്ചു നോക്കി, ഇല്ല ആരും വരുന്നില്ല. ആകാശത്തോളം വലിപ്പത്തില്‍ വരു ന്ന തീ എന്നെ വിഴുങ്ങാന്‍ പോകുന്നു. രാജുവും രാധയും വിളിച്ചാല്‍ ഓടി വരുന്ന മായാവി ഞാന്‍ വിളിച്ചാല്‍ വരില്ലേ? ആപത്തു വരുമ്പോള്‍ ശരവേഗത്തില്‍ പറന്നു വരുന്ന ശക്തരില്‍ ശക്തനായ ഡിങ്കനും വരില്ലേ? പതുക്കെ കണ്ണ് തുറന്നു, വെയില്‍ ശക്തമായി കണ്ണിലേക്കടിക്കുന്നു. വെയിലടിക്കാതിരിക്കാന്‍ വലിച്ചു കെട്ടിയ തുണി ഞാന്‍ ഉറക്കത്തില്‍ വലിച്ചു പുതച്ചിട്ടുണ്ട്. ഉച്ചമയക്കത്തില്‍ നിന്നും ഞാന്‍ എണീറ്റു വെയിലടിക്കാതിരിക്കാന്‍ കുനിഞ്ഞിരുന്നു തുണി കൊണ്ട് മറ കെട്ടി. ഇന്ന് ചൂടല്‍പം കൂടുതലാണെന്ന് തോന്നുന്നു . ഞാന്‍ ടൈം പീസിലേക്കു നോക്കി , സമയം എന്താ ഇത്ര പതുക്കെ പോകുന്നെ? ഇനിയും കുറെ സമയം കഴിയണം. ബാലരമയില്‍ നിന്നും രണ്ടു താളുകള്‍ ഞാന്‍ കീറിയെടുത്തു. “ഊം ഹ്രീം കുട്ടിച്ചാത്താ” രാജു വിളിച്ചു. ഡാങ്കിനി ചിരിച്ചു “ഹ ഹ ഹ ഹ ” കുട്ടൂസനും ചിരിച്ചു “ഹു ഹു ഹു “. ഞാനാ താളുകള്‍ കൊണ്ട് മുഖത്തെ വിയര്‍പ്പു തുടച്ചു. ടൈം പീസിന്‍റെ പുറകുവശത് നിമിഷങ്ങള്‍ എണ്ണി നീക്കുന്ന പല്‍ച്ചക്രങ്ങള്‍ നോക്കി ഞാന്‍ തലയണയില്‍ തലചായ്ചു. അതിന്‍റെ വേഗത കുറവാണോ? ഞാന്‍ ടൈം പീസെടുത്ത്‌ അതിന്‍റെ പുറകു വശത്തെ ഗിയര്‍ നന്നായി തിരിച്ചു മുറുക്കി. ഇന്നലെ അതിന്‍റെ പല്‍ച്ചക്രങ്ങള്‍ മുഴുവന്‍ ഞാന്‍ ഊരി മാറ്റിയിരുന്നു. അതിന്‍റെ മെക്കാനിസം വല്ലാത്തൊരു സംഭവം തന്നെ. ആരാ ഇതൊക്കെ ഉണ്ടാക്കിയത്? ആളൊരു മഹാന്‍ തന്നെ. പലെയളവിലും എണ്ണത്തിലുമുള്ള ഒരു പാട് പല്‍ച്ചക്രങ്ങള്‍ നിമിഷങ്ങള്‍ എണ്ണി നീക്കുന്നു. ഞാനിതു അലമാരയില്‍ നിന്നും മുക്കിയത് ഉപ്പ അറിയുമോ? ഏയ്‌ ഇല്ല. അറിയോ? അറിഞ്ഞാല്‍?. ആ അതെന്തെകിലുമാവട്ടെ അതല്ലല്ലോ നമ്മുടെ ഇപ്പോഴത്തെ പ്രശ്നം. സംഗതി ദിവസം കഴിയുന്തോറും വഷളാവുകയാണ്. രാജേഷ്‌ എന്ത് ചെയ്യുന്നുണ്ടാവും? അവനിങ്ങനെ വരാന്തയില്‍ കുട്ടികളുടെ എണ്ണമെടുത്ത്‌ നില്‍ക്കുന്നുണ്ടാവും. ഫീന ടീച്ചര്‍ ഭൗതിക ശാസ്ത്രം പഠിപ്പിക്കുന്നതെവിടെ എത്യാവൊ ആവൊ? ഇന്ന് ടീച്ചര്‍ മൈക്രോസ്കോപ് കൊണ്ട് വരും എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പോട്ടെ സാരമില്ല.

മൂന്നാല് ദിവസമായി ഈ ഇരിപ്പ് തുടങ്ങീട്ടു. മടുത്തു തുടങ്ങിയിരിക്കുന്നു, പക്ഷെ വേറെ വഴിയില്ല . പുതിയ ലക്കം ബാലരമയും ബാലമംഗളവും ബാലഭൂമിയും ഒക്കെ മൂന്നാല് പ്രാവശ്യം വായിച്ചു തീര്‍ന്നിരിക്കുന്നു. സമയം കളയാന്‍ ഇനി എന്ത് ചെയ്യും? നല്ല മീന്‍ കറിയുടെ മണം വരുന്നുണ്ട്. വിശക്കുന്നുണ്ടോ? ഉണ്ടായിട്ടും കാര്യമില്ല, ഉച്ചയ്ക്ക് പാത്രത്തില്‍ തന്ന ദോശയും കറിയും രാവിലെ തന്നെ തിന്നു തീര്‍ത്തു. ബാഗില്‍ തപ്പി നോക്കിയപ്പോ ചെറിയ ഒരു പുളിക്കഷണം കിട്ടി. പൊടി പിടിച്ചിട്ടുണ്ട്, എന്നാലും പൊടിയുള്ള ഭാഗം പാന്‍റിലുരചിട്ടു കുറച്ചു നുള്ളിയും കളഞ്ഞു ബാക്കി വായിലേക്കിട്ടു. പുളിയും നുണഞ്ഞു ഞാന്‍ എന്‍റെ ചിത്ര കഥാ പുസ്തകങ്ങളുടെ കെട്ടില്‍ നിന്നും പഴയതോന്നെടുത്തു വായിക്കാന്‍ തുടങ്ങി. ഈ രാധ രാജുവിന്‍റെ ആരാ? ഇവരുടെ അച്ഛനും അമ്മയും എവിടെ? ആ. എന്തെങ്കിലുമാവട്ടെ. വായിച്ചത് തന്നെ വീണ്ടും വീണ്ടും വായിച്ചു മടുത്തു. ഇടയ്ക്കിടെ ടൈം പീസിലേക്ക് നോക്കുമ്പോഴും ഒന്നോ രണ്ടോ മിനിട്ട് മാത്രം നീങ്ങിയിട്ടുണ്ടാകൂ .. ഓ.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കവും വരുന്നില്ല. ബ്രിക്ക് ഗയിമിന്‍റെ ബാറ്റെറിയും തീര്‍ന്നിരിക്കുന്നു. ഇന്ന് വൈകുന്നേരം എങ്ങനെലും ബാറ്ററി ഒപ്പിക്കണം. എന്നാ നാളെ അങ്ങനേലും സമയം പോകും. ഉപ്പാന്‍റെ ശബ്ദം കേള്‍ക്കുന്നുണ്ട്. രാവിലെ എങ്ങോട്ടോ പോയതാ, ഇപ്പഴാ വരുന്നേ. ഉപ്പ എങ്ങാനും ഇതറിഞ്ഞാല്‍? അറിയും, പക്ഷെ അപ്പൊ തല്ലു കിട്ടുമായിരിക്കും. ഓര്‍ക്കുംമ്പഴേ വേദനിക്കുന്നു, അപ്പൊ തല്ലു കിട്ടിയാലോ? ആ മാഷിനു എന്നെ പുറത്താക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? മൂപ്പരുടെ വിചാരം ഞാനും മൂപ്പരുടെ ഇരട്ട പ്പേര് വിളിചെന്നാണ്. ഞാന്‍ വിളിച്ചോ? ഏയ് ഇല്ല, പഠിപ്പിക്കുന്ന മാഷുമ്മാരെ നമ്മളങ്ങനെ വിളിക്കോ? പക്ഷെ ഇതിനു മുമ്പ് മൂപ്പരുടെ മോനെ വിളിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണ് നമ്മളെ ഈ കേസില്‍ പ്രതിഭാഗം ചേര്‍ത്തത്. ഹോ എന്തായിരുന്നു പുകില്‍., സിംഹ ക്കൂട്ടിലിട്ട ആട്ടിന്‍ കുട്ടികളെ പോലെ നമ്മള് നാലെണ്ണത്തിനെ മൂപ്പര് ഹെഡ്മാഷിന്‍റെ മുമ്പിലിട്ടു കൊന്നു. ഏയ്‌ ഇല്ല, കൊന്നില്ല, കൊല്ലാതെ കൊന്നു. പേടിച്ചിട്ടു വാ തുറക്കാന്‍ പറ്റാത്തോണ്ട് ഞാന്‍ ഒരക്ഷരം മിണ്ടിയില്ല. ഭാഗ്യം നിന്ന നില്‍പിന് മുള്ളാതിരുന്നത്. അല്ല ആ രാജേഷിനെ പിടിച്ചതെന്തിനാന്ന് ഒരു പിടിയും ഇല്ല. ഒരു പരിപാടിക്കും പോകാത്ത അവനും പ്രതി, പാതി പ്രതി ഞാനും പിന്നെ നമ്മുടെ രണ്ടു സീനിയര്‍ പ്രതികളും. അവസാനം നാളെ വീട്ടില്‍ നിന്ന് അച്ഛനെയും വിളിച്ചിട്ട് വന്നാല്‍ മതി എന്ന് പറഞ്ഞതും ഞാന്‍ എന്‍റെ ഉപ്പാനെ മനസ്സില്‍ ഓര്‍ത്തു. ഹെഡ് ഓഫീസിന്നു പുറത്തിറങ്ങാന്‍ വിറച്ചോണ്ടിരിക്കുന്ന എന്‍റെ കാലുകള്‍ക്കൊരു പ്രയാസമുണ്ടോന്നൊരു തോന്നല്‍, തോന്നിയതല്ല. ഉണ്ട്, വീട്ടിലേതാലും പറയാന്‍ പറ്റില്ല. പിറ്റേന്ന് കാലത്ത് പതിവ് പോലെ സ്ക്കൂളിലെത്തിയ ഞാന്‍ കണ്ടത് കണ്ണീരൊലിപ്പിച്ചു ക്ലാസിന്‍റെ പുറത്തു നിക്കുന്ന രാജേഷിനെയാണ്. ഒരു കാര്യം ഉറപ്പായി ക്ലാസ്സില്‍ കേറാന്‍ പറ്റില്ല. ഞാന്‍ രാജുനോട് ചോദിച്ചു “പുറത്താക്കിയോ?”. ഒന്നും മിണ്ടിയില്ല . “അപ്പൊ ഞാനും ഇവിടെത്തന്നെ നില്‍ക്കാം അല്ലെ?” അവന്‍ തലയനക്കി. യഥാര്‍ത്ഥ പ്രതികള്‍ ഇതുവരെ എത്തിയിട്ടില്ല. പ്രാര്‍ത്ഥനയ്ക്ക് പോയ ക്ലാസ്സിലെ പെണ്‍കുട്ടികള്‍ പുഛ ഭാവത്തില്‍ നോക്കി ക്ലാസ്സില്‍ കയറി, പിന്നാലെ വന്ന ക്ലാസ്സ്‌ ടീച്ചര്‍ നമ്മെ രണ്ടു പേരയും അടിമുടി നോക്കീട്ടു ഞാനന്ന് വരെ കാണാത്ത ഭാവം കാട്ടി ക്ലാസ്സില്‍ കയറി. ആ ഭാവത്തില്‍ തീരുമാനം ഉറപ്പായിരുന്നു, ക്ലാസ്സില്‍ കയറ്റില്ല. അങ്ങനെ രണ്ടു ദിവസം ഞാനും അവനും കൂടി നമ്മുടെ ക്ലാസിനു പാറാവ്‌ നിന്നു. മാഷിന്‍റെ ഭാവത്തിനു മാറ്റമൊന്നുമില്ല. അതേ ഭാവം. വീട്ടില്‍ നിന്ന് ആരും വരാതെ ക്ലാസില്‍ കയറ്റുമെന്നു തോന്നുന്നില്ല. വീട്ടിലാണേല്‍ ഇത് പറയാനും പാടില്ല. അങ്ങനെ ഞാന്‍ കണ്ടെത്തിയ വഴിയാണ് ഇത്, വീടിന്‍റെ പൊക്കത്ത് ചെറിയൊരു സെറ്റ് അപ്പ്‌. , വെയില്‍ കൊള്ളാതിരിക്കാന്‍ തുണി വലിച്ചു കെട്ടി. സമയം കളയാന്‍ ചിത്ര കഥയും കീ പോയ ബ്രിക്ക് ഗയിമും. പിന്നെ പുളി, പഴം തുടങ്ങിയ കുറച്ചു ഐറ്റംസ്. മൂന്നാം ദിവസം മുതല്‍ അങ്ങനെ ഞാന്‍ സ്കൂളില്‍ പോകുന്നതിനു പകരം നല്ലോണം കുളിച്ചു ഇസ്തിരിയിട്ട കുപ്പയവുമിട്ടു വീട്ടീന്നിറങ്ങി പുറകിലെ ചുറ്റി വീടിന്‍റെ മേല്‍കൂരയില്‍ ചാടിക്കയറി അങ്ങനെ ഇരിക്കും. ഈ ഇരിപ്പിന് ആദ്യമോക്കെ ഒരു സുഖമുണ്ടായിരുന്നെങ്കിലും രണ്ടാം ദിവസം തന്നെ എനിക്ക് മടുത്തു. ഇടയ്ക്കിടെ എണീറ്റ്‌ പതുക്കെ റോഡിലേക്ക് നോക്കും സ്ക്കൂള്‍ വിട്ടു ആരെങ്കിലും പോകുന്നുണ്ടോന്നറിയാന്‍., ആരെങ്കിലും അങ്ങനെ പോകുന്ന കണ്ടാല്‍ വേഗം ബാഗുമെടുത്ത്‌ പുറകിലേ ചുറ്റി സ്കൂളിന്‍റെ വഴിയെ നടന്നു വീട്ടില്‍ കയറും. ഉമ്മ വേഗം ചായയും കടിയും തരും. അത് കുടിചിട്ടു ഉപ്പാനെ കാണാതെ നേരെ ഫുട്ബോള്‍ കളിക്കാന്‍ പോകും.

മിനിഞ്ഞാന്ന് രാത്രിയിലാണ് നമ്മുടെ തലയില്‍ ആ തിരി തെളിഞ്ഞത്. അലമാരയില്‍ മിണ്ടാതിരിക്കുന്ന, ഉപ്പ ഗള്‍ഫീന്ന് പണ്ട് കൊണ്ടുവന്ന ഒരുഗ്രന്‍ ടൈം പീസ്‌…….. മൂപര് കറങ്ങുന്നത് ഇത് വരെ നമ്മള്‍ കണ്ടിട്ടില്ല. കണ്ട കാലം മുതലേ അതിലെ സമയം ഏഴേ പത്തു തന്നെ. രാത്രിയായാലും മൂപ്പരുടെ സൂചി ഇങ്ങനെ തെളിഞ്ഞു നിക്കണത് കാണാം, ഫ്ലൂറസെന്‍സ്, ഞാനും പഠിച്ചിട്ടുണ്ട്. രാത്രിതന്നെ ആരും കാണാതെ അലമാര തുറന്നു ഞാനതെടുത്തു ബാഗില്‍ വച്ചു. ഇന്നലെ ഞാന്‍ അതിന്‍റെ ഗിയര് മുറിക്കിയപ്പോ ദേ അതിന്‍റെ സൂചി കറങ്ങുന്നു, സമയവും കാണിക്കുന്നുണ്ട്. എന്നാലും ഇതിന്‍റെ ഉള്ളിലെന്താണെന്നറിയാനുള്ള ഒടുക്കത്തെ കലിപ്പ് കാരണം ഞാനത് തുറന്നു നോക്കി. പിന്നെ അതിലെ ഓരോ സാധനവും ഊരി ഓരോന്നും വിശാലമായി നോക്കി തിരിച്ചിട്ടു. അവസാനം ഒന്ന് രണ്ടു പല്‍ചക്രം ബാക്കിയായെങ്കിലും സമയം നടക്കുന്നുണ്ട്. പക്ഷെ സെക്കണ്ട് സൂചി അല്‍പം ദേഷ്യത്തിലാ, മൂപര് നിന്ന നില്‍പിത്തന്നെ. ഇന്ന് രാവിലെ വീട്ടീന്നിറങ്ങുംമ്പൊ ഉമ്മറത്തെ ക്ലോക്ക് നോക്കി സമയം ഒപ്പിച്ചു കയറിയാതാണ്‌.. .. ഇനിയിപ്പോ പിള്ളേര് പോകുന്നത് നോക്കി നില്‍കാതെ നലുമണിയാകുംമ്പോ ഇറങ്ങാല്ലോ. ഇടയ്ക്കിടെ സമയം നോക്കി നോക്കി സമയം തീരെ പോണില്ല. സമയം മൂന്നു മണി . ഞാന്‍ ബാഗും പുറകിലിട്ടു അവിടെ ഇരുന്നു . പന്തല് കെട്ടിയ തുണി മടക്കി വച്ചു. വെയിലുണ്ടെങ്കിലും അത് കാര്യമാക്കാതെ ഞാന്‍ ടൈം പീസ്‌ നോക്കി ഇരുന്നു. മുന്നെ അഞ്ച്, സമയം നീങ്ങണില്ല. പിന്നെയും നോക്കി മൂന്നേ പത്ത്. ഞാന്‍ ബാഗഴിച്ചു വച്ചു തിരിഞ്ഞു മറിഞ്ഞും കിടന്നു. സമയം പോണില്ല . മൂന്നര ആയി. ഇറങ്ങിയാലോ? ചോദിച്ച ഒരു പിരീഡു നേരെത്തെ വിട്ടതാണെന്ന് പറയാം. അത് വേണോ? ഇത്രത്തോളം ഇരുന്നതല്ലേ ഒരു അരമണിക്കൂറും കൂടി. അല്ലേല്‍ വേണ്ട ഇറങ്ങിയെക്കാം. ഞാന്‍ പതുക്കെ മേല്‍ക്കൂര വഴി പുറകിലെ ചാടി ഒരു റൌണ്ട് ചുറ്റി വീടിന്‍റെ മുറ്റത്തെത്തി. ഉപ്പ ഉമ്മറത്തിറിപ്പുണ്ട്. പതിവിനു വിപരീതമായി ഉപ്പ ബീഡി വലിക്കുന്നില്ല. ബീഡി വലി നിര്‍ത്തിയോ? ഏയ്. ചോദിച്ചാല്‍ എന്ത് പറയും? ഞാന്‍ ഒന്നുമില്ലാത്ത പോലെ ആടിപ്പാടി പടിയിലെത്തി ചെരുപ്പ് അഴിച്ചുവെക്കുമ്പോള്‍ ഉപ്പ ചോദിച്ചു “എന്താടാ ഇത്ര നേരെത്തെ? “. ഞാന്‍ വളരെ സാധാരണ രീതിയില്‍ പറഞ്ഞു “എന്‍റെ ക്ലാസ്സ്‌ ഇന്ന് ഒരു പിരീഡ് നേരത്തെ വിട്ടു “. ഉപ്പ വീണ്ടും സമയം നോക്കി. പിന്നെ കസേരയില്‍ നിന്നും എണീറ്റ്‌ എന്‍റെടുത്തേക്ക് വന്നു. പടച്ചോനെ പണി പാളിയാ? ഉപ്പ അടുത്ത് വന്നു മൂപ്പരുടെ കയ്യിലെ വാച്ചില്‍ സമയം നോക്കാന്‍ പറഞ്ഞു “രണ്ടേ പത്ത് “. ഞാന്‍ ഉമ്മറത്തെ ക്ലോക്കിലേക്ക് നോക്കി, അവിടെയും സമയം രണ്ടേ പത്ത്. പിന്നെ..പിന്നെന്താ? ഒന്നൂല്ല. ക്ലൈമാക്സ്‌ ഞാന്‍ പറയുന്നില്ല. പറഞ്ഞിട്ടെന്തിനാ? കിട്ടിയത് മൊത്തം എനിക്കല്ലേ.